Quantcast
Channel: Rajan C Mathew's Blogs
Viewing latest article 14
Browse Latest Browse All 383

കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം?

$
0
0
ജലദോഷം, തുമ്മൽ, തൊണ്ട വേദന, ഓക്കാനം, ഛർദ്ദി, പനി, ചുമ, കഫക്കെട്ട്, ശ്വാസതടസ്സം, ശരീര വേദന, തലവേദന, തലകറക്കം, ക്ഷീണം, തുടങ്ങി പലവിധത്തിൽ പലരേയും ബാധിക്കുന്ന ഒരു  രോഗമാണ് വൈറൽ പനി. ഒരിക്കൽ പോലും ഇത്തരം ജലദോഷമോ പനിയോ പിടിച്ച് വിഷമിക്കാത്തവർ ഈ ലോകത്തിൽ ആരും തന്നെ ഉണ്ടാകില്ല എന്ന് വേണമെങ്കിൽ പറയാം.

മൈക്രൊസ്കോപ്പ് കണ്ടുപിടിച്ച ശേഷമാണ് പകർച്ച വ്യാധികൾ അതി സൂക്ഷ്മ സസ്യങ്ങളോ ജീവികളോ ഒക്കെ കാരണമാണ് പടർന്നു പിടിക്കുന്നതെന്ന് ശാസ്ത്രലോകം മനസ്സിലാക്കിയത്. രോഗങ്ങൾ പരത്തുന്ന ഈ അതി സൂക്ഷ്മ ജീവജാലങ്ങളെ പറ്റി കൂടുതൽ കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും മൈക്രൊ ബയോളജി എന്ന ശാസ്ത്ര ശാഖയിലൂടെ സാധ്യമായി. അവ പരത്തുന്ന രോഗങ്ങൾക്ക് പ്രതിവിധി കണ്ടെത്താനും അതിലൂടെ സാധ്യമായിക്കൊണ്ടിരിക്കുന്നു എന്നതും നാം മനസ്സിലാക്കിയിരിക്കുന്നു.

എന്നാൽ ആധുനിക ശാസ്ത്രത്തിന്റെയും  വൈദ്യശാസ്ത്രത്തിന്റേയും വളർച്ചയേയും വൈദഗ്ധ്യത്തേയും  വെല്ലുവിളിക്കുന്ന തരത്തിൽ പുതിയ തരം രോഗങ്ങളും നമ്മുടെ ലോകത്തിൽ മുള പൊട്ടിക്കൊണ്ടിരിക്കുന്നു എന്നതും അവഗണിക്കാനാകാത്ത ഒരു വസ്തുതയായി അവശേഷിക്കുന്നു.

സൂക്ഷ്മാണു ലോകത്തിൽ അതിസൂക്ഷ്മമായ ഒരുതരം അണുക്കൾ ആണ് വൈറസുകൾ. സാധാരണ മൈക്രൊസ്കോപ്പിൽ ഇവയെ കാണാൻ സാധിക്കില്ല. വളരെ ശക്തികൂടിയ ഇലക്ട്രോൺ മൈക്രൊസ്കോപ്പ് പോലുള്ള ഉപകരണങ്ങളിൽ കൂടി മാത്രമേ വൈറസുകളെ പറ്റി മനസ്സിലാക്കാൻ കഴിയൂ. ഇവയെ സൂക്ഷ്മജീവികളോ, സൂക്ഷ്മ സസ്യങ്ങളോ ആയി പരിഗണിക്കാൻ ശാസ്ത്രകാരന്മാർ തയ്യാറല്ല. ജീവനില്ലാത്ത ഒരുതരം അതിസൂക്ഷ്മ പൊടി മാത്രം. എന്നാൽ അതിനു ജീവകോശങ്ങളെ ചില സാഹചര്യങ്ങളിൽ ആക്രമിക്കാനുള്ള കഴിവ് കൈവരും. മനുഷ്യരുടെയും, മൃഗങ്ങളുടെയും, സസ്യങ്ങളുടെയും ജീവകോശങ്ങളിൽ കടന്നു കൂടി അവയുടെ ജീവപ്രക്രിയകളെ വ്യതിചലിപ്പിക്കാനും നഷ്ടമാക്കാനും ഒക്കെ വൈറസുകൾക്ക് സാധിക്കും ചില സാഹചര്യങ്ങളിൽ.

ജീവനില്ലാത്ത വൈറസുകൾ ജീവനുള്ള രീതിയിൽ പ്രവർത്തിക്കാൻ മറ്റ് ജീവകോശങ്ങളിൽ കടന്നു കൂടിയെങ്കിലേ സാധിക്കൂ. അങ്ങനെ കടന്നു കൂടാനും മറ്റു ജീവകോശങ്ങളിൽ വളരാനും ഉള്ള സാഹചര്യം കിട്ടിയാൽ വൈറസുകൾ അതിവേഗം പെരുകും. ഈ അതിവേഗ പെരുക്കം ആണ് വൈറസുകളുടെ ഭയപ്പെടുത്തുന്ന ഒരു പ്രത്യേകത.

എന്നാൽ വൈറസുകൾ സാധാരണ ചില ദിവസങ്ങൾ മാത്രമേ മറ്റ് ജീവകോശങ്ങളിൽ കയറി അവയുടെ ജീവപ്രകൄതി കാണിക്കാറുള്ളൂ. അതായത് അവയുടെ ജീവ പ്രകൃതി അവ കയറിക്കൂടിയ ജീവിയിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ നിലച്ചു പോകുന്നു. അത്രയും നാൾ അവയുടെ ജീവപ്രക്രിയയുടെ വികൃതിയിൽ പിടിച്ചു നിൽക്കാൻ സാധിച്ചാൽ അവ കയറിക്കൂടിയ  മനുഷ്യരും ജന്തുക്കളും സസ്യങ്ങളും ഒക്കെത്തന്നെ ആ വൈറൽ ആക്രമണത്തെ അതിജീവിച്ചു എന്നിരിക്കും. എതെങ്കിലും കാരണത്താൽ അതിനു സാധിക്കാതെ വന്നാൽ വൈറസുകളുടെ ആക്രമണത്തിൽ മനുഷ്യരും, ജന്തുക്കളും, സസ്യങ്ങളും മൃത്യു വരിക്കാൻ സാധ്യത ഏറെയാണ്. എന്നിരുന്നാൽ തന്നെയും ഇന്നു നാം മനസ്സിലാക്കിയിട്ടുള്ള നൂറു കണക്കിനു വൈറസുകളിൽ ഏതാനും ചിലതു മാത്രമേ മാരകമായ രോഗാവസ്ഥയ്ക്ക് കാരണം ആയി തീരുന്നുള്ളൂ. 

ചില സാഹചര്യങ്ങളിൽ വൈറസുകളിൽ ജനിതക മാറ്റങ്ങൾ സംഭവിച്ച് പുതിയ തരം വൈറസുകൾ ഉടലെടുക്കാനുള്ള സാധ്യത ശാസ്ത്ര ലോകം ഇതിനൊടകം മനസ്സിലാക്കിയിട്ടുണ്ട്. ഈ പ്രക്രിയയെ മുതലാക്കി അതീവ അപകടകാരികളായ പുതിയ തരം വൈറസുക്കളെ പരീക്ഷണ ശാലകളിൽ ഉണ്ടാക്കിയെടുത്ത് അവയെക്കൊണ്ട് നശീകരണ ആയുധങ്ങൾ സൃഷ്ടിക്കാൻ ചില രാജ്യങ്ങൾ എങ്കിലും പ്രയഗ്നിക്കുന്നു എന്നതും വൈറസുകളെ ഭയപ്പെടുത്തുന്ന ഒന്നാക്കി മാറ്റിയിരിക്കുന്നു.

ഇപ്പോൾ ചൈനയിൽ ആരംഭിച്ച് ഇന്ത്യയിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണാ വൈറസ് പനി അത്തരത്തിൽ ഒന്നാണൊ എന്നു പലരും സംശയിക്കുന്നു. ഈ പനിയ്ക്ക് ഇപ്പോൾ ഫലവത്തായ ചികിത്സ ഇല്ല എന്നതും ഈ പനി മരണ കാരണം ആകാനുള്ള സാധ്യത വളരെ കൂടുതൽ എന്നതും രോഗ ലക്ഷണങ്ങൾ പ്രകടമാകും മുമ്പേ ഒരാളിൽ നിന്നും മറ്റൊരാളിലേക്കു പകരാം എന്നതും ഈ സംശയത്തെ സാധൂകരിക്കുന്നു എന്നു പറയാതെ വയ്യ.

ഈ വൈറസ് രോഗം ചൈനയിലെ വുഹാനെന്ന പട്ടണത്തിൽ ഇപ്പോൾ പൊട്ടി മുളച്ചിട്ട് അധികം നാളുകൾ ആയില്ല. 2019 ന്റെ അവസാന മാസങ്ങളിൽ എപ്പോഴൊ ഒരു ചൈനീസ് ദന്ത ഡോക്ടർ ആണ് ഈ  വൈറസ് പനി ചിലരിൽ കണ്ടെത്തിയതും അത് അസാധാരണവും മാരകവും ആയ ഒരു തരം വൈറസ് മൂലം എന്ന് മനസ്സിലാക്കി മറ്റുള്ളവരെ ബോധവൽക്കരിക്കാൻ ശ്രമിച്ചത്. എന്നാൽ ചൈനീസ് അധികാരികൾ ആദ്യമൊക്കെ ഇതിനെ കാര്യമായി എടുത്തില്ല എന്നു വേണം കരുതാൻ.

രോഗം വളരെ വേഗം പടരുവാനും അതു മൂലം ആളുകൾ മരിച്ചു വീഴുവാനും തുടങ്ങിയപ്പോൾ മാത്രമാണ്  ചൈനയിലെ അധികാരികൾ ഉണർന്നത്.അപ്പോഴേക്കും അനേകം ആളുകളിലേക്ക് ഈ വൈറസ് കയറിക്കൂടിക്കഴിഞ്ഞിരുന്നു.

കൊറോണാ വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കപ്പേരായ കോവിഡ്‍-19 എന്ന പേരിൽ ഈ വൈറസ് പനി ഇപ്പോൾ അറിയപ്പെടുന്നു. മുകളിൽ സൂചിപ്പിച്ചതു പോലെ ഈ മാരക വൈറസ് ചൈനയുടെ യുദ്ധ തന്ത്രത്തിന്റെ ഭാഗമായി പണ്ടെങ്ങോ വികസിപ്പിച്ചെടുത്ത ജൈവായുധ പരീക്ഷണങ്ങളുടെ അനന്തര ഫലം എന്നു സംശയം ഇപ്പോൾ ബലപ്പെട്ടു വരുന്നു.

അതിനൊരു കാരണം ദീൻ കൂൺട്സ് എന്ന ഇംഗ്ളീഷ് എഴുത്തുകാരൻ നാലു ദശകങ്ങൾക്ക് മുമ്പ് എഴുതി പ്രസിദ്ധീകരിച്ച 'ദി ഐസ് ഓഫ് ഡാർക്ക് നസ്സ്' (അന്ധകാരത്തിന്റെ കണ്ണുകൾ) എന്ന നോവൽ ആണ്. ഈ പുസ്തകത്തിൽ രണ്ട് ശാസ്ത്രകാരന്മാർ തമ്മിൽ ചൈനയിലെ വുഹാൻ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ജൈവായുധ പരീക്ഷണ ശാലയിൽ വികസിപ്പിച്ചു സൂക്ഷിച്ചിരിക്കുന്ന വുഹാൻ-400 എന്ന മാരക വൈറസിനെ പറ്റി പ്രതിപാദിച്ചിരിക്കുന്നു.

The Eyes of Darkness: A gripping suspense thriller that predicted a global danger... by [Koontz, Dean]

ഈ വൈറസിന്റെ മാരക സ്വഭാവം ഇപ്പോൾ വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ്-19 തു പോലെ തന്നെ. മാത്രമല്ല, ഇപ്പോഴത്തെ രോഗം പൊട്ടിമുളച്ചത് ചൈനയിലെ വുഹാൻ പട്ടണത്തിലും. അവിടെ ചൈനീസ് സർക്കാരിന്റെ ഒരു ജൈവ പരീക്ഷണശാല സ്ഥിതി ചെയ്യുന്നു എന്നതും ശ്രദ്ധേയം. ദീൻ കൂൺട്സ് എവിടെ നിന്നോ ഇക്കാര്യം മനസ്സിലാക്കിയിരുന്നു എന്നു വേണം കരുതാൻ. ആ പരീക്ഷണ ശാലയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന മാരക വൈറസ് എന്തോ അശ്രദ്ധ കാരണം ഇപ്പോൾ വുഹാൻ പട്ടണത്തിൽകൂടി ചൈനയിലും ലോകത്തിലും മനുഷ്യരുടെ മരണകാരണമായി തീർന്നിരിക്കുന്നു.

ഇതിനോടകം അനേകം ആളുകൾ ഈ വൈറസ് പനി മൂലം മരണമടഞ്ഞിരിക്കുന്നു. കൂടുതലും ചൈനയിലെ വുഹാൻ പട്ടണത്തിലും സമീപ ദേശങ്ങളിലും. ചെലവു കുറഞ്ഞ മെഡിക്കൽ വിദ്യാഭ്യാസത്തിനായി ചൈനയിലെ ഈ പട്ടണത്തിലേയും ഒക്കെ മെഡിക്കൽ കോളേജുകളിൽ ധാരാളം ഇന്ത്യൻ കുട്ടികൾ, പ്രത്യേകിച്ച് മലയാളി കുട്ടികൾ, പോയിരിക്കുന്നു. അവരിൽ ചിലർക്കും ഈ വൈറൽ പനി പിടി പെട്ട് തിരിച്ചെത്തിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങൾ ഈ അപകടം പിടിച്ച രോഗ സംക്രമണത്തെ ചെറുക്കാനുള്ള പ്രയഗ്നങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു.

ഇന്ത്യയിൽ ഈ വൈറസ് രോഗം ചൈനയിൽ നിന്നും എത്തിപ്പെട്ടെങ്കിലും അതു മാരകമായി തീരാതിരിക്കാൻ ഇതുവരെയുള്ള ഇവിടത്തെ സർക്കാർ സംവിധാനങ്ങളുടെ പ്രയഗ്നം മൂലം കഴിഞ്ഞു എന്നത് ആശ്വാസകരം തന്നെ.

എങ്കിൽക്കൂടി, ഈ മാരക രോഗത്തെ പ്രതിരോധിക്കാൻ വ്യക്തികളായി ഒരോരുത്തരും മനസ്സു വയ്ക്കേണ്ടിയിരിക്കുന്നു.

നമുക്ക് എന്തൊക്കെ ചെയ്യാം എന്നു നോക്കാംഃ

ആദ്യമായി പനിയോ ജലദോഷമോ തുമ്മലോ ഉള്ളവർ, അത് കൊറോണാ പനി ആകണമെന്നില്ല എന്നിരുന്നാൽ കൂടി, വെളിയിൽ മറ്റുള്ളവർ കൂടുന്ന സ്ഥലങ്ങളിൽ പോകുന്നത് കഴിയുന്നത്ര ഒഴിവാക്കുക. പനി വന്നാൽ വിശ്രമം എന്ന പഴയ രീതി അവലംബിക്കുക. അഥവാ വെളിയിൽ പോകേണ്ടി വന്നാൽ വായും മൂക്കും ഒരു മാസ്ക്ക് കൊണ്ട് മൂടി മാത്രം പോകുക. 

പനിയും ജലദോഷവും ഉള്ള കുട്ടികളെ സ്കൂളിൽ പറഞ്ഞു വിടാതിരിക്കുക. അവർക്ക് വീട്ടിലൊ ആശുപത്രിയിലോ വിശ്രമവും ചികിത്സയും ഉടൻ ലഭ്യമാക്കുക.

ആശുപത്രിയിലും ആൾക്കൂട്ടത്തിലും കൂട്ടത്തിലുള്ള യാത്രയിലും ഉചിതമായ മാസ്ക്ക് കൊണ്ട് വായും മൂക്കും മൂടി വയ്ക്കാൻ നാണക്കേട് തോന്നി ഒഴിവാക്കാൻ ശ്രമിക്കാതിരിക്കുക.


എനിക്കിതൊന്നും ഒരു പ്രശ്നമേയല്ല എന്ന വിചാരം ഒഴിവാക്കുക.

ശുചിത്വം പാലിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പുകയും മറ്റും ചെയ്യാതിരിക്കുക.

സർക്കാർ സംവിധാനങ്ങൾ തരുന്ന മാർഗ നിർദ്ദേശങ്ങൾ കഴിയുന്നത്ര പാലിക്കുക.

കൊറോണാ വൈറസ് നിയന്ത്രണത്തിൽ ആകും വരെ യാത്രകളും മറ്റും ഒഴിവാക്കുക.

ഈ പ്രതിസന്ധി നമ്മൾ തരണം ചെയ്യും എന്ന് നമുക്ക് വിശ്വസിക്കാം.


Viewing latest article 14
Browse Latest Browse All 383

Trending Articles